Wednesday, August 6, 2008

കന്യാസ്‌ത്രീകളെ നിര്‍വീര്യരാക്കാന്‍ ശ്രമം നടക്കുന്നു: മാര്‍ ക്ലിമീസ്‌

കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കത്തോലിക്കാ സഭയുടെ ശക്‌തികേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതു കന്യാസ്‌ത്രീ സമൂഹങ്ങളാണെന്ന തിരിച്ചറിവു മൂലമാണ്‌ ഇടതുപക്ഷ സഹയാത്രികരായ സംസ്‌ഥാന വനിതാ കമ്മിഷന്‍ അംഗങ്ങള്‍ സന്യസ്‌തരെ നിര്‍വീര്യമാക്കാനുള്ള ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നു ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.

കെ.സി.ബി.സി. ഫാമിലി കമ്മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖില കേരള പ്രോ ലൈഫ്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ സന്യാസിനീ സമൂഹങ്ങളുടെ ജനറലേറ്റ്‌ തലത്തിലുള്ള യോഗം കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയില്‍നിന്നു ശക്‌തി സംഭരിച്ചു ജീവനെതിരായ തിന്‍മകള്‍ക്കെതിരേ അണിനിരക്കാന്‍ അദ്ദേഹം കന്യാസ്‌ത്രീകളെ ആഹ്വാനം ചെയ്‌തു.

സര്‍ക്കാരിന്റെ ജനന നിയന്ത്രണ നയം ഏറ്റവും നന്നായി നടപ്പാക്കിയതു ക്രിസ്‌ത്യാനികളായതിനാല്‍ അവരുടെ പ്രാതിനിധ്യം എങ്ങും ഇല്ലാതാകുകയാണ്‌.

മദര്‍ തെരേസയെപ്പറ്റി ഒരു വാക്കു പോലും പറയാത്ത വിവാദ പാഠപുസ്‌തകം പിഞ്ചു മനസുകളില്‍ നന്‍മയല്ല പകര്‍ന്നു കൊടുക്കുന്നതെന്നും മാര്‍ ക്ലിമീസ്‌ ബാവ പറഞ്ഞു.

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷനായിരുന്നു. ബിഷപ്പ്‌ വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഗര്‍ഭഛിദ്ര നിയമം പൂര്‍ണമായും റദ്ദാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഗര്‍ഛഛിദ്രത്തിനു മുംബൈ കോടതി അനുമതി നിഷേധിച്ച മേത്ത ദമ്പതികള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്താന്‍ തയാറാണെന്നു സി.എസ്‌.എന്‍ കോണ്‍ഗ്രിഗേഷന്‍ പറഞ്ഞു. ഇക്കാര്യം മുംബൈ ആര്‍ച്ച്‌ ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്‌.

കേരളത്തിലെ മൂവായിരത്തോളം മഠങ്ങളില്‍ അര ലക്ഷത്തോളം കന്യാസ്‌ത്രീകള്‍ പങ്കു ചേരുന്ന 150 ദിവസത്തെ അഖണ്ഡ പ്രാര്‍ത്ഥനാ യജ്‌ഞത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനവും ഇതോടൊപ്പം നടത്തി. ഫാ.സ്‌റ്റീഫന്‍ ആലത്തറ, ഫാ.ജോസ്‌ കോട്ടയില്‍, ഏബ്രഹാം പുത്തന്‍കളം, സിസ്‌റ്റര്‍ അന്‍സീല, സിസ്‌റ്റര്‍ സൗമ്യ, സി.എല്‍.ജോര്‍ജ്‌, ജേക്കബ്‌ പള്ളിവാതുക്കല്‍ എന്നിവരും പ്രസംഗിച്ചു.

No comments: